യോഗിനി ഏകാദശി

യോഗിനി ഏകാദശി

HIGHLIGHTS

കര്‍ക്കിടകത്തിലെ കൃഷ്ണപക്ഷ ഏകാദശിയെയാണ് യോഗിനി ഏകാദശി എന്ന് വിശേഷിപ്പിക്കുന്നത്. ഈ ഏകാദശി ദിവസം തുളസീതീര്‍ത്ഥം മാത്രം സേവിച്ച് മഹാവിഷ്ണുവിനെ ഭജിച്ചാല്‍ എല്ലാ സദ്ഫലങ്ങളും നേടാനാവും എന്നതോടൊപ്പം തീരാവ്യാധികളില്‍ നിന്നും മുക്തി ലഭിക്കും എന്നാണ് വിശ്വാസം. 

 

കുബേരന്‍റെ നാടാണ് അളകാപുരി. അവിടെ സമ്പത്തിന്‍റെ അധിപനായ കുബേരന്‍ ദിവസവും വളരെയധികം വിപുലമായ രീതിയില്‍ പൂജകള്‍ ചെയ്തു പോന്നിരുന്നു. പൂജയ്ക്കായി മാനസരോവം എന്ന തടാകത്തില്‍ നിന്നും പൂക്കള്‍ പറിച്ച് വരുത്തിക്കുമായിരുന്നു. പൂപറിച്ചിട്ടു വരാനായി ഒരു സേവകനെ കുബേരന്‍ നിയമിച്ചിരുന്നു. അവന്‍റെ പേരാണ് ഹേമമാലി. നിത്യവും കുബേരന്‍റെ പൂജയ്ക്കുവേണ്ടി മാനസരോവരത്തില്‍ ചെന്ന് പൂക്കള്‍ പറിച്ചുകൊണ്ടു വരിക എന്നത് മാത്രമായിരുന്നു ഹേമമാലിയുടെ ജോലി. തന്‍റെ പൂജയ്ക്കായി പൂക്കള്‍ പറിച്ചു കൊണ്ടുവരുന്ന ആ സേവകനോട് കുബേരന് അങ്ങേയറ്റം സ്നേഹവുമായിരുന്നു. 


വിശാലാക്ഷി എന്നാണ് ഹേമമാലിയുടെ പത്നിയുടെ പേര്. പേരുപോലെ തന്നെ അതീവ സൗന്ദര്യവതിയായിരുന്നു വിശാലാക്ഷി. പത്നിയോട് അതിരറ്റ പ്രണയവും സ്നേഹവുമായിരുന്നു അവന്. പലപ്പോഴും അവളെ കാണുമ്പോള്‍ മറ്റു ജോലികളെല്ലാം മറന്ന് പോകുന്ന രീതിയില്‍ അവളുടെ സൗന്ദര്യം അവനെ ബന്ധനസ്ഥനാക്കുമായിരുന്നു. കടമയെ വിസ്മരിപ്പിക്കുന്ന സൗന്ദര്യവും ചിലപ്പോള്‍ വിപരീത ഫലങ്ങളാണല്ലോ സൃഷ്ടിക്കുക. ആ സൗന്ദര്യം ആസ്വദിക്കുന്ന കാര്യത്തിലും പ്രണയിക്കുന്ന കാര്യത്തിലുമൊക്കെ ഒരു നിയന്ത്രണം വേണമെന്ന ചിന്ത അവനില്‍ ഉണ്ടായിരുന്നില്ല. 
 

ഒരുദിവസം പൂക്കള്‍ പറിക്കുവാനായി പുറപ്പെടുന്ന സമയത്ത് മുന്നില്‍ വിശാലാക്ഷി പ്രത്യക്ഷപ്പെട്ടു. എന്നത്തേക്കാളും അന്നവള്‍ അതീവ സുന്ദരിയാണെന്നതോന്നല്‍ ഹേമമാലിക്കുണ്ടായി. അവന്‍ അവളെ കണ്ട മാത്രയില്‍ തന്നെ തന്‍റെ കടമകള്‍ മറന്നു. അവളുമായി സല്ലാപത്തില്‍ മുഴുകി. പൂക്കള്‍ വരാത്തതുകാരണം പൂജ നടത്താനാവാതെ കുബേരന്‍ വളരെനേരം കാത്തിരുന്ന് ക്ഷമ കെട്ടു. തടാകത്തില്‍ നിന്നും പൂക്കള്‍ പറിച്ചുകൊണ്ടു വരാന്‍ ഇത്രയധികം സമയമോ ? എന്തോ സംശയം തോന്നിയ കുബേരന്‍ തന്‍റെ മറ്റൊരു സേവകനോട് എന്തുകൊണ്ടാണ് ഹേമമാലി വൈകുന്നതെന്നും അവന്‍ എന്താണ് ചെയ്യുന്നതെന്നും അന്വേഷിച്ചു വരുവാന്‍ ഉത്തരവിട്ടു.
 

സേവകന്‍ കുബേരന്‍റെ നിര്‍ദ്ദേശാനുസരണം മാനസരോവരത്തില്‍ ചെന്ന് നോക്കിയപ്പോള്‍ ഹേമമാലി അവിടെയെങ്ങും ഇല്ല. അയാള്‍ നേരെ അന്വേഷിച്ച് ഹേമമാലിയുടെ വീട്ടിലെത്തി. അപ്പോള്‍ അയാള്‍ അവിടെ കണ്ട കാഴ്ച ഹേമമാലി ഭാര്യ വിശാലാക്ഷിയുമായി കിടപ്പറയില്‍ ശൃംഗരിക്കുന്നതാണ്. അയാള്‍ നേരെ കുബേരന്‍റെ അടുത്തെത്തി താന്‍ കണ്ട കാഴ്ച അതേപടി വിവരിച്ചു. പൂക്കള്‍ കൊണ്ടുവരുവാന്‍ താമസിച്ചതിലും കൃത്യനിര്‍വഹണത്തില്‍ ഹേമമാലി വരുത്തിയ വീഴ്ചയും  കുബേരനെ വല്ലാതെ കുപിതനും രോഷാകുലനുമാക്കി. അതുകാരണമുണ്ടായ മാനസിക സമ്മര്‍ദ്ദത്താല്‍ കുബേരന്‍ ഹേമമാലിയെ ശപിച്ചു.
 

 'ഭാര്യയെ സ്നേഹിക്കേണ്ടത് ആവശ്യം തന്നെ. എന്നാല്‍ എല്ലാ കടമകളേയും മറന്നുകൊണ്ട് അവളേ ഗതി എന്ന് കരുതുന്നതും കടമ മറന്നതും പൊറുക്കാനാവാത്ത കുറ്റമാണ്. ഏത് സുഖം നിനക്ക് സന്തോഷമേകുമെന്ന് കരുതിയോ ആ സുഖത്തില്‍ നിന്നും നീ വേര്‍പെടുത്തപ്പെടും. നിന്‍റെ ശരീരം ദുരിതപൂര്‍ണ്ണമായ വേദനയും യാതനയും അനുഭവിക്കാന്‍ ഇടവരട്ടെ. നീ ഭൂലോകത്ത് കുഷ്ഠരോഗിയായി പിറക്കട്ടെ. നീ ഈ (ദേവ) ലോകത്ത് നിന്നും പുറംതളളപ്പെടട്ടെ' എന്ന് കുബേരന്‍  ശപിച്ചു.
 

കുബേരന്‍റെ ശാപഫലമായി ഹേമമാലി ഭൂലോകത്ത് ചെന്ന് വീണു. അവിടെ കഠിനമായ കുഷ്ഠരോഗത്താല്‍ വളരെയധികം ദുരിതങ്ങളും വേദനയും അനുഭവിക്കാന്‍ തുടങ്ങി. കുബേരന്‍റെ പൂജയ്ക്ക് പൂക്കള്‍ പറിച്ചുകൊടുത്തതിന്‍റെ പുണ്യത്താല്‍ അവന് പൂര്‍വകാല ഓര്‍മ്മകള്‍ ഉണ്ടായിരുന്നു. 
 

ഹേമമാലി തന്‍റെ ശാപമോക്ഷത്തിനായി ഹിമാലയത്തിലെത്തി. അവിടെ മാര്‍ക്കണ്ഡേയ മഹര്‍ഷി തപസ്സനുഷ്ഠിക്കുന്നുണ്ടായിരുന്നു. അവന്‍ മഹര്‍ഷിയുടെ പാദങ്ങളില്‍ സാഷ്ടാംഗം വീണ് നമസ്ക്കരിച്ചു.  അപ്പോള്‍ മാര്‍ക്കണ്ഡേയ മഹര്‍ഷി അവനോട് ഇപ്രകാരം ഉപദേശിച്ചു. 
 

"ശാപമോക്ഷത്തിന് ഒറ്റ മാര്‍ഗ്ഗമേയുളളു. കര്‍ക്കിടകത്തില്‍ വരുന്ന കൃഷ്ണപക്ഷ ഏകാദശി അനുഷ്ഠിക്കുക. ഈ ഏകാദശിക്ക് യോഗിനി ഏകാദശി എന്നാണ് പേര്. ഈ ഏകാദശി വ്രതം യഥാവിധി അനുഷ്ഠിച്ചാല്‍ ഈ ദുഃഖത്തില്‍ നിന്നും നിനക്ക് മോചനം കിട്ടും. ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ അനുഗ്രഹത്താല്‍ നിനക്ക് പൂര്‍വസ്ഥിതി പ്രാപിക്കാന്‍ കഴിയും. ഹേമമാലി അദ്ദേഹം നിര്‍ദ്ദേശിച്ച പ്രകാരംതന്നെ യോഗിനി ഏകാദശി വ്രതം അനുഷ്ഠിച്ചു. അതിന്‍റെ ഫലമായി അവന്‍ രോഗമുക്തനായി. കുഷ്ഠരോഗം മാറി പൂര്‍വ്വരൂപവും നേടി. 

             വിഷ്ണുദാസന്‍  
  

Photo Courtesy - Google