ശിവരാത്രി വ്രതനിഷ്ഠകള്‍
വ്രതമെടുക്കുന്നതുകൊണ്ട് ഫലമുണ്ടാകണമെങ്കില്‍ വ്രതനിഷ്ഠകള്‍ കൃത്യമായും പാലിച്ചിരിക്കണം. അങ്ങനെ കഠിനമായ വ്രതാനുഷ്ഠാനങ്ങളിലൂടെ എല്ലാ പാപങ്ങളും അകന്ന് ആ പരബ്രഹ്മ സ്വരൂപത്തില്‍ എത്തിക്കുന്നതാണ് ശിവരാത്രി വ്രതം.
പാലാഴിമഥനത്തിലുണ്ടായ ഹലാഹല വിഷം ലോകരക്ഷയ്ക്കായി ശ്രീ പരമേശ്വരന്‍ പാനം ചെയ്ത രാത്രിയാണ് ശിവരാത്രി. രജോഗുണത്തേയും തമോഗുണത്തേയും നിയന്ത്രിച്ച് ഭക്തരുടെ ഉള്ളില്‍ സാത്വികഭാവം വളര്‍ത്തുന്നു എന്നതാണ് ഈ വ്രതത്തിന്‍റെ മഹത്വം.
വ്രതമെടുക്കുന്നതുകൊണ്ട് ഫലമുണ്ടാകണമെങ്കില്‍ വ്രതനിഷ്ഠകള്‍ കൃത്യമായും പാലിച്ചിരിക്കണം. അങ്ങനെ കഠിനമായ വ്രതാനുഷ്ഠാനങ്ങളിലൂടെ എല്ലാ പാപങ്ങളും അകന്ന് ആ പരബ്രഹ്മ സ്വരൂപത്തില്‍ എത്തിക്കുന്നതാണ് ശിവരാത്രി വ്രതം.
ശിവരാത്രി നാളില്‍ വ്രതമനുഷ്ഠിക്കുന്നവര്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് സ്നാനാദി കര്‍മ്മങ്ങള്‍ക്കുശേഷം ഭസ്മം, രുദ്രാക്ഷം എന്നിവ ധരിക്കുക. ഗൃഹത്തില്‍ നിലവിളക്ക് കത്തിച്ച് ശ്രീ പരമേശ്വരനെ ധ്യാനിക്കണം. ഓം നമഃ ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം 108 പ്രാവശ്യം ജപിക്കുക. പ്രാതഃസ്മരണ സ്തോത്രവും ബില്യാഷ്ടകവും ദ്വാദശ ജ്യോതിര്‍ലിംഗ സ്തുതിയും ജപിക്കുക. എന്നിട്ട് തൊഴുത് നമസ്ക്കരിക്കുക.
തുടര്‍ന്ന് ശിവക്ഷേത്രദര്‍ശനം നടത്തുക. പുറത്ത് മൂന്നുപ്രാവശ്യം പ്രദക്ഷിണം വെച്ചിട്ടേ അകത്ത് കയറാവൂ. പുറത്തെ പ്രദക്ഷിണ സമയത്ത് ഓം നമഃ ശിവായ എന്ന മൂല മന്ത്രമോ ഏകാദശ രുദ്രന്‍മാരെ സ്മരിക്കുകയോ ആവാം.
ഓരോരുത്തരും കഴിവിനൊത്ത പൂജാദികള്‍ ക്ഷേത്രത്തില്‍ ചെയ്യേണ്ടതാണ്. ശിവന് ഏറെയിഷ്ടം ജലധാരയാണ്. കൂവളത്തിലമാല സമര്‍പ്പിക്കുക, കൂവളത്തിലയാല്‍ അര്‍ച്ചന നടത്തുക എന്നിവയും ഭഗവാന് ഇഷ്ടമാണ്. ദര്‍ശനശേഷം പുരുഷന്മാര്‍ സാഷ്ടാംഗ നമസ്ക്കാരവും സ്ത്രീകള്‍ പഞ്ചാംഗ നമസ്ക്കാരവും ചെയ്യണം. പകലും രാത്രിയും ഉപവാസത്തോടെ ഭഗവത് നാമങ്ങള്‍ ഉരുവിട്ട് ശിവസ്തോത്രങ്ങള്‍ ജപിച്ച് ക്ഷേത്രത്തില്‍ കഴിയുക.
വൈകുന്നേരം സ്നാനാദി കര്‍മ്മങ്ങള്‍ക്കുശേഷം ക്ഷേത്രപ്രദക്ഷിണം നടത്തി അകത്ത് കയറി ദര്‍ശനം നടത്തുക. കൂവളമാല ചാര്‍ത്തിയും അര്‍ച്ചന ചെയ്തും ശ്രീമഹാദേവനെ പ്രീതിപ്പെടുത്തണം.
പ്രദോഷസമയത്ത് പൂജ്യന്‍ ശിവനാകുന്നു. ശിവനെ വിധിയാംവണ്ണം പൂജിച്ചാല്‍ മറ്റ് ദേവതകളുടെ അനുഗ്രഹവും ഭക്തന് ലഭിക്കും. പ്രദോഷസ്തോത്രം, മൃത്യുഞ്ജയമന്ത്രം, ശിവോഷ്ടോത്തര ശതനാമസ്തോത്രം, ശിവസ്തോത്രം, ശിവമംഗളാഷ്ടകം മുതലായവ ജപിച്ച് പൂര്‍ണ്ണമായി ഉറക്കമൊഴിയുന്നത് നല്ലത്.
വെളുപ്പിന് സ്നാനാദികള്‍ക്കുശേഷം ക്ഷേത്രദര്‍ശനം നടത്തി ശിവപൂജ ചെയ്ത ശേഷം വ്രതമവസാനിപ്പിക്കാം.
ക്ഷേത്രത്തില്‍ കഴിയാന്‍ പറ്റാത്തവര്‍ വീട്ടിലിരുന്ന് വ്രതാനുഷ്ഠാനത്തോടെ ശിവരാത്രി വ്രതം എടുത്താലും പൂര്‍ണ്ണഫലം ലഭിക്കും. രാവിലെയും വൈകുന്നേരവും സ്നാനാദി കര്‍മ്മങ്ങള്‍ക്കുശേഷം നിലവിളക്ക് കൊളുത്തി ശ്രീ പരമേശ്വരധ്യാനം നടത്തുക. ക്ഷേത്രദര്‍ശനം നടത്തുകയും വേണം. ഉപവാസത്തോടെ ശിവസ്തുതികള്‍ ജപിച്ച് ഉറക്കമൊഴിക്കണം. രാവിലെ കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി വ്രതമവസാനിപ്പിക്കാം.
അന്ന് പകലും ഉറങ്ങരുത്. ദാനവും ബ്രാഹ്മണ ഭോജനവും ഈ വ്രതത്തിന്‍റെ മഹിമ വര്‍ദ്ധിപ്പിക്കും.
ഉപവാസം അനുഷ്ഠിക്കേണ്ട ദിവസമാണെങ്കിലും ഭക്ഷണം ഒഴിവാക്കാനാകാത്തവര്‍ ഇളനീര്‍, പഴം, പാല്‍ എന്നിവ മിതമായി കഴിക്കുക.
ശിവരാത്രി വ്രതം ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് അനുഷ്ഠിക്കുന്നതാണ് ഉത്തമം.
ജ്യോതിഷി പ്രഭാസീന. സി.പി,
9961442256, 9895112028
