fortnightly-astrology-2022-december-16-31

ദ്വൈവാരഫലം; ഡിസംബര്‍ 16 മുതല്‍ 31 വരെ (1198 ധനു 1 മുതല്‍ 16 വരെ)

HIGHLIGHTS

ഗ്രഹപ്പകര്‍ച്ചകള്‍
 ഡിസംബര്‍ 16ന് രാവിലെ 9മണി 58 മിനിറ്റിന് ധനുസംക്രമം
ഡിസംബര്‍ 28 ന് 5.3 am ബുധന്‍ ധനുവില്‍നിന്നും മകരത്തിലേക്ക് പകരുന്നു
 ഡിസംബര്‍ 29ന് 4.3 pm ന് ശുക്രന്‍ ധനുവില്‍ നിന്നും മകരത്തിലേക്ക് പകരുന്നു

മേടക്കൂറ്: 
(അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
ഈ കൂറുകാര്‍ക്ക് ലഗ്നത്തില്‍ രാഹുവും, രണ്ടില്‍ കുജനും, ഏഴില്‍ കേതുവും, അഷ്ടമത്തില്‍ രവിയും, ഭാഗ്യത്തില്‍ ബുധനും ശുക്രനും, കര്‍മ്മത്തില്‍ ശനിയും, വ്യയത്തില്‍ ഗുരുവും സഞ്ചരിക്കുന്ന സമയമാണ്.
ശനിപ്പിഴ കാലഘട്ടത്തിന്‍റെ അവസാനമാസങ്ങളാണ്. ഭാഗ്യത്തില്‍ നില്‍ക്കുന്ന ബുധനും ശുക്രനും  സകല കാര്യങ്ങളിലും നന്മകള്‍ നല്‍കും. വളരെ കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്ന പദ്ധതികള്‍ നടപ്പിലാകും എന്നത് സന്തോഷദായകമാണ്. കര്‍മ്മത്തിലെ ശനി ബലവാന്‍ ആയതുകൊണ്ടുതന്നെ അനിഷ്ടഫലങ്ങളെക്കാള്‍ ശുഭഫലങ്ങള്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല. ദാമ്പത്യജീവിതം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ധനവിനിയോഗം വളരെ ശ്രദ്ധാപൂര്‍വം നടത്തേണ്ട സമയമാണ്. ധനപരമായ വഞ്ചനകള്‍ പ്രതീക്ഷിക്കണം. സ്ത്രീകള്‍ കര്‍മ്മങ്ങളില്‍ പ്രവേശിക്കുന്നത് വിജയത്തിന് കാരണമാകും. വിദ്യാര്‍ത്ഥികളില്‍ മനഃസാന്നിദ്ധ്യക്കുറവും മറവിയും കൂടുതലാവും. വിദ്യാഭ്യാസത്തിനുള്ള രേഖാപരമായ തടസ്സങ്ങളും ഉണ്ടാകുന്നതാണ്. വ്യവസായികളില്‍ ചില സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ആദ്യനാളുകളില്‍ അനുഭവപ്പെടുമെങ്കിലും നീണ്ടുനില്‍ക്കുകയില്ല. കര്‍ഷകര്‍ക്ക് വിപണിയില്‍നിന്നും ലഭിക്കാനുള്ള പണം കുറഞ്ഞ അളവിലാണെങ്കില്‍പ്പോലും ലഭിച്ചുതുടങ്ങും. തൊഴിലാളികള്‍ക്ക് പൊതുവെ നല്ലസമയമാണ്. അവരുടെ വലിയസ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കപ്പെടും. വൈദ്യുതി, ജലം, കാറ്റ്, നാല്‍ക്കാലികള്‍ തുടങ്ങിയവയില്‍ നിന്നും അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. 
ദോഷപരിഹാരങ്ങള്‍ക്ക് ഈ കൂറുകാര്‍ ശനിയാഴ്ച വ്രതം അനുഷ്ഠിച്ച്  ഗൃഹത്തില്‍ ഒരു എള്ളുതിരി കത്തിക്കുക. 
'നീലാഞ്ജനസമാനാഭം 
 രവിപുത്രം യമാഗ്രജം 
ഛായാമാര്‍ത്താണ്ഡ സംഭൂതം 
തം നമാമി ശനൈശ്ചരം '
ഈ ശ്ലോകം ചൊല്ലി ശനിദോഷശാന്തിക്കായി പ്രാര്‍ത്ഥിച്ചു      നമസ്കരിക്കുന്നത് ദോഷശാന്തി നല്‍കും. 

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
ഈ കൂറുകാര്‍ക്ക് ലഗ്നത്തില്‍ കുജനും, ആറില്‍ കേതുവും, ഏഴില്‍ രവിയും, അഷ്ടമത്തില്‍ ബുധനും ശുക്രനും, ഭാഗ്യത്തില്‍ ശനിയും, ലാഭത്തില്‍ ഗുരുവും, വ്യയത്തില്‍ രാഹുവും സഞ്ചരിക്കുന്ന സമയമാണ്.
 പൊതുവേ ഈശ്വരാധീനം ഉള്ള സമയമാണ്.വളരെ പ്രയാസമേറിയ കാര്യങ്ങള്‍പോലും കഠിനപ്രയത്നംകൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടും സാധ്യമാകേണ്ട സമയമാണ്. വിദേശയാത്രകള്‍ മുടങ്ങിയവര്‍ക്ക് അതിനുള്ള ഭാഗ്യം ഉണ്ടാകുന്നതാണ്. ഗൃഹനിര്‍മാണം ആരംഭിച്ചവര്‍ക്ക് തടസ്സങ്ങള്‍ നേരിടാനുള്ള സാധ്യത കാണുന്നു. മൂത്രാശയരോഗങ്ങള്‍ക്കും, ഉദരരോഗങ്ങള്‍ക്കും സാധ്യത കൂടുതലാണ്. 
കുറ്റകൃത്യങ്ങളില്‍ അബദ്ധത്തില്‍ ചെന്ന് അകപ്പെടുവാനും കാരാഗൃഹവാസത്തിനും ലക്ഷണം കാണുന്നുണ്ട്. വ്യവസായികള്‍ക്ക് പൊതുവെ തകര്‍ച്ചയില്‍നിന്നും കരകയറുവാനുള്ള സാദ്ധ്യതകള്‍ തെളിയുന്ന സമയവുമാണ് ഇത്. ഗൃഹനിര്‍മാണം ആരംഭിക്കാനോ ആസൂത്രണം ചെയ്യാനോ പറ്റിയ സമയമാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഭൂമി വാങ്ങുന്നതിനു സാധിക്കും. പാരമ്പര്യമായി കിട്ടിയ വസ്തുക്കള്‍ കൈമോശം വരുവാന്‍ ഇടവരും. 
ദോഷപരിഹാരങ്ങള്‍ക്ക് ഈ കൂറുകാര്‍ ശിവഭജനം മുടങ്ങാതെ നടത്തുക. കൂവളത്തില, എണ്ണ എന്നിവ ശിവങ്കല്‍ തിങ്കളാഴ്ചകളില്‍ സമര്‍പ്പിക്കുക. 
'സൂര്യായ സോമായ 
 മംഗളായ ബുധായ ച 
 ഗുരും ശുക്രശനിഭൃശ്ച 
 രാഹവേ കേതവേ നമഃ'
ഈ ധ്യാനം ചൊല്ലി നവഗ്രഹപ്രീതിക്കായി പ്രാര്‍ത്ഥിച്ചു നിത്യേന ഒമ്പത് പ്രാവശ്യം      നമസ്കരിക്കുക. ശിവക്ഷേത്രദര്‍ശനം നടത്തി ഭഗവാന് കൂവളത്തില, നെയ്യ്, എണ്ണ എന്നിവ നടക്കല്‍ സമര്‍പ്പിക്കുക. പ്രദോഷവ്രതം അനുഷ്ഠിക്കുക.

മിഥുനക്കൂറ്: (മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
ഈ കൂറുകാര്‍ക്ക്  അഞ്ചില്‍ കേതുവും, ആറില്‍ രവിയും, ഏഴില്‍ ബുധനും ശുക്രനും, അഷ്ടമത്തില്‍ ശനിയും,കര്‍മ്മത്തില്‍ ഗുരുവും, ലാഭത്തില്‍ രാഹുവും, വ്യയത്തില്‍ കുജനും സഞ്ചരിക്കുന്ന സമയമാണ്.
ഭൂമിസംബന്ധമായ ഇടപാടുകളില്‍ വലിയ തടസ്സവും ഭീതിയും ഉണ്ടാകാന്‍ സാധ്യത കാണുന്നു. സമൂഹത്തില്‍ തലയുയര്‍ത്തിനടക്കാന്‍ സാധിക്കാത്തവിധം മാനഹാനികളില്‍ അകപ്പെടാനും സാധ്യത കാണുന്നു. കാരാഗൃഹവാസം ഒഴിവാക്കുന്നതിന് കൂടുതല്‍ ശ്രദ്ധ ദൈനംദിനജീവിതത്തില്‍ പ്രകടമാക്കേണ്ടതുണ്ട്. വാഹനാപകടങ്ങള്‍ക്കും കാലുകള്‍ക്കും ശിരസ്സിനും കൂടുതല്‍ അപകടസാധ്യതയും  കാണുന്നുണ്ട്. കാര്‍ഷികമേഖലയില്‍ പ്രതീക്ഷകള്‍ ഉണ്ടാക്കുന്ന ചില നിമിഷങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ സാധ്യത കാണുന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ ലഭിക്കുവാനും, നഷ്ടപ്പെട്ടവ തിരികെ വരുന്നതിനുമുള്ള വഴികള്‍ തുറക്കുന്നതും കാണുവാന്‍ ഈ ദിവസങ്ങളില്‍ സാധിക്കും.കുഞ്ഞുങ്ങളില്‍ രോഗങ്ങളും മറ്റ് ശാരീരികവും മാനസികവുമായ വൈഷമ്യങ്ങളും ധാരാളമായി ഉണ്ടാകുമെങ്കിലും ഭയപ്പെടേണ്ടതില്ല.  വിദ്യാതടസ്സങ്ങള്‍ക്കും ചെറിയതരത്തില്‍ പരിഹാരമാര്‍ഗങ്ങള്‍ ഉരുത്തിരിയുന്നതാണ്. വാഹനങ്ങള്‍, നാല്‍ക്കാലികള്‍ എന്നിവയെ വളരെ ശ്രദ്ധയോടെ നോക്കേണ്ട സമയമാണ്. 
ദോഷപരിഹാരങ്ങള്‍ക്ക് ഈ കൂറുകാര്‍ അവതാരവിഷ്ണുവിനെ ഭജിക്കുന്നത് നല്ലതാണ്. ശ്രീകൃഷ്ണഭഗവാന് വെണ്ണനിവേദ്യം നടത്തുകയും നെയ്വിളക്ക് വക്കുകയും ചെയ്യുക. 
' വിജയേനയുതോ രഥസ്ഥിത:
  പ്രസമാനീയ സമുദ്രമധ്യത 
  പ്രദദത്തനയാന്‍ ദ്വിജന്മനേ
  സ്മരണീയോ വസുദേവനന്ദന'
ഈ ശ്രീകൃഷ്ണധ്യാനം ചൊല്ലി         നമസ്കരിക്കുക.

കര്‍ക്കിടകക്കൂറ്: (പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
ഈ കൂറുകാര്‍ക്ക്  നാലില്‍ കേതുവും,അഞ്ചില്‍ രവിയും, ആറില്‍ ബുധനും ശുക്രനും, ഏഴില്‍ ശനിയും,ഭാഗ്യത്തില്‍ ഗുരുവും, കര്‍മ്മത്തില്‍ രാഹുവും, ലാഭത്തില്‍ കുജനും സഞ്ചരിക്കുന്ന സമയമാണ്.
വളരെ ശ്രദ്ധാപൂര്‍വവും ഈശ്വരഭജനത്തോടെയും ഈ സമയത്തെ നേരിടേണ്ടതാണ്. സ്നേഹിതരില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും വലിയ വിഷമതകള്‍ നേരിടാനും, കുടുംബബന്ധങ്ങളിലും ദാമ്പത്യത്തില്‍ വലിയ വിള്ളലുകള്‍ ഉണ്ടാകാനും സാധ്യത കാണുന്നു. വ്യവസായികളുടെ  വലിയ കരാറുകളില്‍ വിഘ്നം വന്നേക്കാം. കര്‍ഷകര്‍ക്ക് വിളവുകള്‍ നഷ്ടപ്പെടുവാനും അധികൃതരുടെ ഭാഗത്തുനിന്നുള്ള അലംഭാവംകാരണം ധനനഷ്ടത്തിനും സാധ്യത കാണുന്നു. കുട്ടികളില്‍ വിദ്യാഭ്യാസകാര്യങ്ങളില്‍ പ്രതീക്ഷിക്കാത്തവിധം ഗുണങ്ങള്‍ സംഭവിക്കും. വ്യാപാരികള്‍ക്ക് പൊതുവെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു സാധ്യതയുണ്ടെങ്കിലും നിയമപരമായ പ്രശ്നങ്ങളും വഞ്ചനകളും വന്നേക്കാം.  വിദേശയാത്രികരില്‍ ഗുണപരമായ അഭിവൃദ്ധിക്കും ലക്ഷണമുണ്ട്. 
ദോഷപരിഹാരങ്ങള്‍ക്ക് ഈ കൂറുകാര്‍ ശനിയാഴ്ച വ്രതം അനുഷ്ഠിക്കുകയും ഗൃഹത്തില്‍ ഒരു എള്ളുതിരി കത്തിക്കുകയും. ശാസ്താവിന് പുഷ്പം, നാളികേരം എന്നിവ സമര്‍പ്പിക്കുകയും ചെയ്യുക. 
'നീലാഞ്ജനസമാനാഭം 
 രവിപുത്രം യമാഗ്രജം 
ഛായാമാര്‍ത്താണ്ഡ സംഭൂതം 
തം നമാമി ശനൈശ്ചരം'
ഈ ശ്ലോകം ചൊല്ലി ശനിദോഷശാന്തിക്കായി പ്രാര്‍ത്ഥിച്ചു നമസ്കരിക്കുക. വിഷ്ണുസഹസ്രനാമജപവും വിഷ്ണുവിങ്കല്‍ ദര്‍ശനംനടത്തി അവില്‍നിവേദ്യം, തൃമധുരം, മഞ്ഞപ്പട്ട്ചാര്‍ത്തല്‍ എന്നിവ നടത്തുകയും ചെയ്യുക.
 
ചിങ്ങക്കൂറ്: (മകം, പൂരം, ഉത്രം 1-ാം പാദം)
ഈ കൂറുകാര്‍ക്ക്  മൂന്നില്‍ കേതുവും,നാലില്‍ രവിയും,അഞ്ചില്‍ ബുധനും ശുക്രനും, ആറില്‍ ശനിയും,അഷ്ടമത്തില്‍ ഗുരുവും, ഭാഗ്യത്തില്‍ രാഹുവും, കര്‍മ്മത്തില്‍ കുജനും സഞ്ചരിക്കുന്ന സമയമാണ്.
പൊതുവെ ഈശ്വരാധീനമുള്ള ദിവസങ്ങളാണ് ചിങ്ങക്കൂറുകാര്‍ക്ക്. നഷ്ടപ്പെട്ട ധനവും വൈവാഹിക ജീവിതവും തിരിച്ചു വരുവാനും അവിവാഹിതര്‍ക്ക് വിവാഹ സാധ്യതയും കാണുന്നു. രോഗാതുരരായവര്‍ക്ക് പൂര്‍ണമല്ലെങ്കില്‍പോലും രോഗതീവ്രത കുറയുന്നതാണ്. നല്‍ക്കാലികള്‍ക്കും വാഹനത്തിനും അത്ര നല്ലതല്ല ഈ ദിവസങ്ങള്‍. ഉയരത്തില്‍ ജോലിചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം.അഗ്നി, വായു, ജലം, വാഹനങ്ങള്‍ എന്നിവയില്‍നിന്നും ചെറിയ അപകടങ്ങള്‍ക്ക് സാധ്യതയുള്ളതുകൊണ്ട് വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്കും കൊച്ചു കുഞ്ഞുങ്ങള്‍ക്കും കാര്യങ്ങള്‍ പൊതുവെ നല്ലസമയമാണ്. ചില വലിയ ആഗ്രഹങ്ങള്‍ സാധിക്കപ്പെടുവാന്‍ ലക്ഷണമുണ്ട്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ക്കും ഉന്നമനത്തിനു സാധ്യതകാണുന്നു. 
ദോഷപരിഹാരങ്ങള്‍ക്ക് ഈ കൂറുകാര്‍ ദോഷശാന്തിക്കായി നരസിംഹമൂര്‍ത്തിയെ പ്രാര്‍ത്ഥിക്കുക.  വൈഷ്ണവക്ഷേത്രങ്ങളില്‍ നെയ്വിളക്ക്, തുളസിമാല, പായസം എന്നിവ കഴിപ്പിക്കുക. 
' സഹസ്രചന്ദ്രപ്രതിമോ ദയാലുര്‍ -
   ല്ലക്ഷ്മീ മുഖാലോകനലോലനേത്ര 
   ദശാവതാരൈ:പരിത :പരീതോ 
   നൃകേസരീ മംഗളമാതനോതു
ഈ നരസിംഹധ്യാനം ചൊല്ലി ഭഗവാനെ ഒമ്പത് പ്രാവശ്യം കിഴക്കോട്ട്              നമസ്കരിക്കുകയും  ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കറുത്തപട്ടില്‍ എണ്ണാതെ ദ്രവ്യം കിഴികെട്ടി സമര്‍പ്പിക്കുന്നതും നെയ്വിളക്ക്, പായസം എന്നിവ ചെയ്യുന്നതും ദോഷശാന്തി നല്‍കും. 

കന്നിക്കൂറ്: (ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
ഈ കൂറുകാര്‍ക്ക്  രണ്ടില്‍ കേതുവും,മൂന്നില്‍ രവിയും,നാലില്‍ ബുധനും ശുക്രനും, അഞ്ചില്‍ ശനിയും,ഏഴില്‍ ഗുരുവും, അഷ്ടമത്തില്‍ രാഹുവും, ഭാഗ്യത്തില്‍ കുജനും സഞ്ചരിക്കുന്ന സമയമാണ്.
പൊതുവെ  ഗുണകരമായ സമയമാണ്. അകന്നുപോയവര്‍ അടുത്തുവരാനുള്ള സാധ്യത കാണുന്നു. ശത്രുതകള്‍ കുറയുകയും സ്വത്തുവകകള്‍ ഭാഗം ചെയ്ത് ഗുണകരമായ ചില ചലനങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുവാനും സാധിക്കും.
ദീര്‍ഘകാലമായി നിയമവ്യവഹാരത്തില്‍ നീങ്ങുന്ന ചില കാര്യങ്ങള്‍ ഒത്തുതീര്‍പ്പില്‍ എത്താനും ബന്ധുബലം വര്‍ധിക്കാനും ഇടയാക്കുന്ന ചില നല്ലമാറ്റങ്ങള്‍ പ്രതീക്ഷിക്കണം. വാഹനവ്യവഹാരവുമായി ബന്ധപ്പെട്ടമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായി ലഭിക്കുന്ന ഉന്നമനത്തിന് സാധ്യത കാണുന്നു. ഭൂമികച്ചവടത്തിന്‍റെ കാര്യത്തില്‍ മുടങ്ങികിടക്കുന്നവ നടക്കാന്‍ സാധ്യതയുണ്ട്. 
ദോഷപരിഹാരങ്ങള്‍ക്ക് സാക്ഷാല്‍ മഹാവിഷ്ണുവിനെ ഭജിക്കുക. വിഷ്ണു സഹസ്രനാമം നിത്യേന ജപിക്കുക.  ഏകാദശീവ്രതം അനുഷ്ഠിക്കുക. 
'ആലോല തുളസീമാല
 ആരൂഢവിനതാസുതം 
 ജ്യോതിരിന്ദീവരശ്യാമം 
 ആവിരസ്തു മമാഗ്രത:'
ഈ ധ്യാനം ചൊല്ലി ഭഗവാനെ നിത്യേന      നമസ്കരിക്കുക. ഗണപതിക്ക് അപ്പം കറുകമാല കൊട്ടത്തേങ്ങ എന്നിവയും ദേവിക്ക് പട്ടുചാര്‍ത്തുന്നതും ദോഷശാന്തി നല്‍കും.
 
തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)
ഈ കൂറുകാര്‍ക്ക്  ലഗ്നത്തില്‍ കേതുവും,രണ്ടില്‍ രവിയും,മൂന്നില്‍ ബുധനും ശുക്രനും, നാലില്‍ ശനിയും,ആറില്‍ ഗുരുവും,ഏഴില്‍ രാഹുവും, അഷ്ടമത്തില്‍ കുജനും സഞ്ചരിക്കുന്ന സമയമാണ്.
ശനിദോഷം ബാധിക്കുന്നുണ്ടെങ്കിലും ഈശ്വരനാമജപമുണ്ടെങ്കില്‍ ഇഷ്ടകാര്യസിദ്ധികള്‍ നല്‍കും. ഭഷ്യവിഷബാധ, ഉദരരോഗങ്ങള്‍, മൂത്രാശയരോഗങ്ങള്‍ തുടങ്ങിയവകൊണ്ട് വിഷമതകള്‍ അനുഭവിക്കും. വ്യവസായികള്‍ക്കും, കച്ചവടക്കാര്‍ക്കും നൂതനസംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ആലോചനകള്‍ ഉടലെടുക്കുകയും അത് ശുഭമായി പര്യവസാനിക്കുകയും ചെയ്യും. വിദേശയാത്രകള്‍ക്കും, മുടങ്ങിക്കിടക്കുന്നതായ തൊഴിലില്‍ പുനഃപ്രവേശം നടത്തുന്നതിനും അവസരങ്ങള്‍ ലഭിക്കും. ഗൃഹനിര്‍മ്മാണസാദ്ധ്യതകള്‍ കാണുന്നുണ്ട്. പഴയവീടുകള്‍ പുതുക്കിയെടുക്കുവാന്‍ സാധിക്കും. മക്കളുടെ കാര്യവിഘ്നങ്ങള്‍ പരിഹരിക്കപ്പെടും. കാര്‍ഷികമേഖലയില്‍ തരക്കേടില്ലാത്ത സമയമാണ്. 
ദോഷപരിഹാരങ്ങള്‍ക്ക് നരസിംഹമൂര്‍ത്തിക്ക് മഞ്ഞപ്പട്ട് ചാര്‍ത്തി പുരുഷസൂക്തം അര്‍ച്ചന നടത്തുകയും, ശനിയാഴ്ചവ്രതം അനുഷ്ഠിച്ച് ശാസ്താവിനെ
'ഭൂതനാഥ സദാനന്ദാ സര്‍വ്വഭൂതദയാപരാ 
രക്ഷ രക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോ നമഃ 
ڇഎന്ന മന്ത്രം ചൊല്ലി നമസ്കരിക്കുന്നതും  സുബ്രഹ്മണ്യസ്വാമിക്ക് പാലഭിഷേകം ചെയ്യുന്നതും, ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നതും ദോഷശാന്തി നല്‍കും.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
ഈ കൂറുകാര്‍ക്ക്  ലഗ്നത്തില്‍ രവിയും,രണ്ടില്‍ ബുധനും ശുക്രനും, മൂന്നില്‍ ശനിയും,അഞ്ചില്‍ ഗുരുവും,ആറില്‍ രാഹുവും, ഏഴില്‍ കുജനും, വ്യയത്തില്‍ കേതുവും സഞ്ചരിക്കുന്ന സമയമാണ്.
വളരെ കാലത്തെ കഷ്ടതകള്‍ പരിഹരിക്കപ്പെടാനുള്ള സാധ്യതകള്‍ തെളിയും. അര്‍ഹമായതും എന്നാല്‍ തഞ്ഞെുവയ്ക്കപ്പെട്ടതുമായ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇടവരും. സഹോദരന്‍മാരോടുള്ള ബന്ധങ്ങളില്‍ നിസ്സാരകാരണങ്ങളാല്‍ അകല്‍ച്ച വരുന്നതാണ്. സൗഹൃദബന്ധങ്ങളില്‍ നേരിയ വിഷമതകള്‍ അനുഭവപ്പെടാം. ആദ്യ  ദിവസങ്ങളില്‍തന്നെ തൊഴിലിടങ്ങളില്‍ അഭിവൃദ്ധി കണ്ടുതുടങ്ങും. വൈവാഹികജീവിതത്തില്‍ കലഹങ്ങള്‍ക്കും വിരഹത്തിനും സാധ്യതകാണുന്നു. വിവാഹാന്വേഷകര്‍ക്ക് തടസ്സങ്ങള്‍ ധാരാളം വരുമെങ്കിലും ഉത്തമമായ ലക്ഷ്യപ്രാപ്തി നല്‍കും. അനേകം കാലമായി നിലനില്‍ക്കുന്നതായ ചില പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. സമൂഹത്തില്‍ ഉന്നതശ്രേണിയില്‍ നില്‍ക്കുന്നവരുമായി ബന്ധങ്ങള്‍ ഉണ്ടാവുകയും അത് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. 
ദോഷപരിഹാരങ്ങള്‍ക്ക് വിഷ്ണുസഹസ്രനാമം നിത്യേന ജപിക്കുക. മഹാവിഷ്ണുവിനെ വിളക്കത്ത് നമസ്കരിക്കുക.
'കരാരവിന്ദേനപദാരവിന്ദം 
മുഖാരവിന്ദേ വിനിവേശയന്തം 
വടസ്യ പത്രസ്യപുടേശയാനം 
ബാലം മുകുന്ദം മനസാസ്മരാമി'
ഈ ശ്ലോകം ചൊല്ലി ശ്രീകൃഷ്ണഭഗവാനെ നമസ്കരിക്കുന്നതും,  ധര്‍മ്മദൈവ സങ്കേതത്തില്‍ യഥാവിധി ഉപാസനനടത്തി വിശേഷ നിവേദ്യങ്ങള്‍ ചെയ്യുന്നത് ദോഷശാന്തി നല്‍കും. 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
ഈ കൂറുകാര്‍ക്ക്  ലഗ്നത്തില്‍ ബുധനും ശുക്രനും, രണ്ടില്‍ ശനിയും,നാലില്‍ ഗുരുവും,അഞ്ചില്‍ രാഹുവും, ആറില്‍ കുജനും, ലാഭത്തില്‍ കേതുവും, വ്യയത്തില്‍ രവിയും സഞ്ചരിക്കുന്ന സമയമാണ്.
ഈ കൂറുകാര്‍ക്ക് സാമ്പത്തിക വിഷമതകള്‍ നേരിടും. തൊഴിലിന്‍റെ വേതനം പോലും ശരിയായസമയത്ത് ലഭിക്കുകയില്ല. വാക്കുകള്‍ പാലിക്കുന്നതിന് സാധിക്കാതെ വരുകയും ബന്ധങ്ങളില്‍ വിള്ളല്‍ നേരിടുകയും ചെയ്യും. ചില സാംക്രമികരോഗങ്ങള്‍ പിടികൂടുവാനും വലിയ ശാരീരിക വിഷമങ്ങള്‍ അനുഭവിക്കാനും സാധ്യത കൂടുതലാണ്. ചെറിയമക്കളില്‍ നാവേറുകളും, നീര്‍ദോഷം പോലുള്ള ചെറിയ പ്രശ്നങ്ങളും കാരണം സമാധാനമായി ഇരിക്കാന്‍ സാധിക്കുകയില്ല. നേരിയ കാരണങ്ങള്‍കൊണ്ട് വളരെ വലിയ ലാഭങ്ങള്‍ നഷ്ടപ്പെട്ടേക്കാം. ധനപരമായും വസ്തുവകകള്‍ ഹേതുകമായുമുള്ള നിയമപ്പോരാട്ടങ്ങള്‍ ആവശ്യമായി വന്നേക്കാം. 
'കാളി കാളി മഹാകാളി 
 ഭദ്രകാളി നമോസ്തുതേ 
 കുലം ച കുലധര്‍മ്മം ച 
 മാം ച പാലയ പാലയ'
ഈ സ്തുതി ചൊല്ലി ഭദ്രയെ ഭജിക്കുന്നതും കനകധാരാസ്തോത്രം നിത്യേന ചൊല്ലുകയും ദേവിക്ക് നിറപറ സമര്‍പ്പിക്കുന്നതും ദോഷശാന്തി നല്‍കും.

മകരക്കൂറ്: (ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
ഈ കൂറുകാര്‍ക്ക്  ലഗ്നത്തില്‍ ശനിയും,മൂന്നില്‍ ഗുരുവും,നാലില്‍ രാഹുവും, അഞ്ചില്‍ കുജനും, കര്‍മ്മത്തില്‍ കേതുവും, ലാഭത്തില്‍ രവിയും, വ്യയത്തില്‍ ബുധനും ശുക്രനും സഞ്ചരിക്കുന്ന സമയമാണ്.
ശനിദോഷമുണ്ടെങ്കിലും ഈശ്വരകൃപകൊണ്ട് കാര്യങ്ങള്‍ തടസ്സങ്ങള്‍ കൂടാതെ നടക്കുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലക്ഷ്യപ്രാപ്തിക്കുള്ള മികച്ച നീക്കങ്ങള്‍ നടക്കും. പൈതൃകമായ വസ്തുവകകളില്‍നിന്നു അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. പൊതുപ്രവര്‍ത്തനമേഖലയിലുള്ളവര്‍ കൂടുതല്‍ ആദരിക്കപ്പെടും. സ്ഥാനക്കയറ്റങ്ങള്‍ക്ക് സാധ്യതകാണുന്നു.  സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും വരുമാനം ഉണ്ടാകും. വിദ്യാര്‍ഥികളില്‍ മുമ്പില്ലാത്ത തരത്തില്‍ ഉത്സാഹവും ബുദ്ധിയും പ്രകടമാവും. പ്രണയിനികളില്‍ സാഫല്യം പ്രതീക്ഷിക്കാം. സന്താനങ്ങളില്‍നിന്നും  ബഹുമാനക്കുറവും അനുസരണക്കേടും പ്രതീക്ഷിക്കണം. പത്രപ്രവര്‍ത്തനം, മത്സ്യബന്ധനം തുടങ്ങിയ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തൊഴില്‍നഷ്ടത്തിന്‍റെ കൂടി സമയമാണ്. 
ദോഷപരിഹാരങ്ങള്‍ക്ക്: ഈ കൂറുകാര്‍ വെള്ളിയാഴ്ചകളില്‍ ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ പൂജാപുഷ്പങ്ങള്‍ സമര്‍പ്പിക്കുന്നതും നാഗക്ഷേത്രങ്ങളില്‍ നൂറും പാലും നടത്തുന്നതും നല്ലതാണ്.
'അര്‍ദ്ധകായം മഹാവീര്യം 
 ചന്ദ്രാദിത്യ വിമര്‍ദ്ദനം 
 സിംഹികാ ഗര്‍ഭസംഭൂതം 
 തം രാഹും പ്രണമാമ്യഹം'
ഈ ശ്ലോകം ചൊല്ലി രാഹുവിനെ സങ്കല്‍പ്പിച്ചു നമസ്കരിക്കുന്നതും, ദുര്‍ഗ്ഗാക്ഷേത്രത്തില്‍ ദീപസമര്‍പ്പണം, ശ്രീസൂക്തപുഷ്പാഞ്ജലി എന്നിവ ചെയ്യുന്നതും ദോഷശാന്തി നല്‍കും.

കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3പാദങ്ങള്‍)
ഈ കൂറുകാര്‍ക്ക്  രണ്ടില്‍ ഗുരുവും, മൂന്നില്‍ രാഹുവും, നാലില്‍ കുജനും, ഭാഗ്യത്തില്‍ കേതുവും, കര്‍മ്മത്തില്‍ രവിയും, ലാഭത്തില്‍ ബുധനും ശുക്രനും, വ്യയത്തില്‍ ശനിയും സഞ്ചരിക്കുന്ന സമയമാണ്.
കാലങ്ങളായുള്ള വലിയ ആഗ്രഹങ്ങള്‍ സഫലമാകാനുള്ള സാധ്യതകള്‍ കാണുന്നു. എന്നാല്‍ ഗൃഹനിര്‍മാണവും വാഹനം വാങ്ങിക്കലും മുടങ്ങിയേക്കാം. മക്കളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് മനോവിഷമങ്ങള്‍ ഉണ്ടാക്കുന്നതാണ്. ദാമ്പത്യകലഹങ്ങള്‍ വേദനയുണ്ടാക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്ന സമയമാണ്. വിദേശഗമനം യാഥാര്‍ഥ്യമാവുകയും തദ്വാരാ വലിയ ഉന്നതിയില്‍ എത്തുകയും ചെയ്യും. വാഹനങ്ങളില്‍ നിന്നുള്ള ചെറിയ അപകടങ്ങള്‍ ഉണ്ടാകും. വാഹനങ്ങളുടെ കേടുപാടുകള്‍ വലിയ ധനനഷ്ടം ഉണ്ടാക്കും. സര്‍ട്ടിഫിക്കറ്റുകളും രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കണം. വിശ്വാസവഞ്ചനകള്‍ ഈ രണ്ടാഴ്ചകളിലും പ്രതീക്ഷിക്കണം. 
അന്യന്‍ ചെയ്ത അപരാധങ്ങള്‍ സ്വന്തം തലയില്‍ വന്നുവീഴാന്‍ സാധ്യതയുണ്ട്. ചില വാക്കുകളില്‍ വരുന്ന പിഴവുകള്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കിയേക്കാം. 
  ദോഷപരിഹാരങ്ങള്‍ക്ക് ഈ കൂറുകാര്‍ ശനിയാഴ്ചവ്രതം അനുഷ്ഠിച്ച് ഗൃഹത്തില്‍ ഒരു എള്ളുതിരി കത്തിച്ച് 
'നീലാഞ്ജനസമാനാഭം 
 രവിപുത്രം യമാഗ്രജം 
ഛായാമാര്‍ത്താണ്ഡ സംഭൂതം 
തം നമാമി ശനൈശ്ചരം'
എന്ന ധ്യാനം  ചൊല്ലി ശനിദോഷശാന്തിക്കായി പ്രാര്‍ത്ഥിച്ചു      നമസ്കരിക്കുന്നതും, ദേവീക്ഷേത്രത്തില്‍ ശ്രീസൂക്തം അര്‍ച്ചനയും വിളക്കുവയ്ക്കു ന്നതും ദോഷശാന്തി നല്‍കും. 
.
മീനക്കൂറ് (പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ഈ കൂറുകാര്‍ക്ക്  ലഗ്നത്തില്‍ ഗുരുവും, രണ്ടില്‍ രാഹുവും, മൂന്നില്‍ കുജനും, അഷ്ടമത്തില്‍ കേതുവും, ഭാഗ്യത്തില്‍ രവിയും, കര്‍മ്മത്തില്‍ ബുധനും ശുക്രനും, ലാഭത്തില്‍ ശനിയും സഞ്ചരിക്കുന്ന സമയമാണ്.
വിദേശത്ത് ജോലിചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണ്. കര്‍മ്മം നഷ്ടപ്പെടാനും ധനപരമായ വഞ്ചനകള്‍ക്കും സാധ്യത കൂടുതലാണ്. മാസവേതനം ചെറിയ രീതിയില്‍ തടസ്സപ്പെടുമെങ്കിലും പരിഹരിക്കപ്പെടും. വിദ്യാഭ്യാസമേഖലയില്‍ ഉയര്‍ച്ചയുടെ നാളുകളാണ് ഉണ്ടാവുക. സ്വയംതൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തടസ്സങ്ങള്‍ നീങ്ങി ഐശ്വര്യപ്രാപ്തിക്കുള്ള ആദ്യചുവടുകള്‍ ഉണ്ടാകും. കൃഷിയില്‍നിന്നും നല്ലരീതിയില്‍ വരുമാനം ലഭിച്ചുതുടങ്ങും. മത്സ്യബന്ധനം, കന്നുകാലിവളര്‍ത്തല്‍ എന്നീ മേഖലകളില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടാകും. രോഗങ്ങള്‍ ശാരീരികവും മാനസികവുമായ വേദന സൃഷ്ടിക്കുന്നതാണ്. പ്രണയിനികള്‍ മൂലം കലഹവും അപമാനഭയവും ഉണ്ടാകും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി വരുകയും മാതാപിതാക്കളില്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാവുകയും ചെയ്യുന്നതാണ്. പാരമ്പര്യമായി ലഭിച്ച ഭൂമി വില്‍പ്പന നടക്കുകയും സാമ്പത്തികലാഭം ഉണ്ടാവുകയും ചെയ്യും. പാചകം, ഹോട്ടല്‍മേഖല തുടങ്ങിയവയില്‍ അഭിവൃദ്ധിക്ക് സാധ്യത കാണുന്നു.
ദോഷപരിഹാരങ്ങള്‍ക്ക്: മഹാവിഷ്ണുക്ഷേത്രത്തില്‍ മഞ്ഞനിറത്തിലുള്ള പൂജാപുഷ്പങ്ങള്‍ സമര്‍പ്പിക്കുക. അവതാരവിഷ്ണു ക്ഷേത്രങ്ങളില്‍ യഥാവിധി വഴിപാടുകള്‍ നടത്തുക. 
'മൂകം കരോതി വാചാലം 
പംഗും ലംഘയതേ ഗിരിം 
യത്കൃപാ തമഹം വന്ദേ 
പരമാനന്ദ മാധവം' 

ഈ ശ്രീകൃഷ്ണമന്ത്രം ചൊല്ലി ഭഗവാനെ പതിനാലു പ്രാവശ്യം നിത്യേന നമസ്കരിക്കുന്നതും ഗുരുവാരവ്രതം മുടങ്ങാതെ അനുഷ്ഠിക്കുന്നതും മഹാവിഷ്ണുവിന് പുരുഷസൂക്തം, ഭാഗ്യസൂക്തം അര്‍ച്ചനകള്‍ നടത്തുന്നതും നാരായണീയം വായിക്കുന്നതും ദോഷശാന്തി നല്‍കും. 

ജ്യോതിഷന്‍ എന്‍.സത്യനാരായണന്‍ 
(സംസ്കൃത അദ്ധ്യാപകന്‍, ങരെ സൈക്കോളജി,)
  'സനാതനം'چ വള്ളൂര്‍ കളരി 
   ആമയൂര്‍ (പി.ഒ)   പട്ടാമ്പി
  9961656864